ചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കച്ചവടക്കാരി ഒഴിച്ച തിളച്ച പാല്‍ വീണ് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി. കുമാരി, കൗണ്‍സിലര്‍ ശോഭ വര്‍ഗ്ഗീസ്, ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് സി. നിഷ, ശുചീകരണ തൊഴിലാളികളായ എന്‍. മുത്തുക്കുട്ടി, ബി.സുര, വി.ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കു പുറമേ പോലീസുകാരുടേയും നാട്ടുകാരുടേയും ദേഹത്ത് ചൂടു പാല്‍ വീണു. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് സി. നിഷയുടെ നേതൃത്വത്തിലുളള സംഘം നഗരസഭ ഓഫീസിനു സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനു മുന്‍വശം ഫുട്പാത്ത് അടച്ച് കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. കച്ചവടം നടത്തിയിരുന്ന തിട്ടമേല്‍ മോഴിയാട്ട് പ്രസന്നയും മകള്‍ രാഖി ദിലീപും ചേര്‍ന്ന് ജീവനക്കാരുമായി തര്‍ക്കത്തിലായി. ഇതിനിടയില്‍ രാഖി ദിലീപ് തിളച്ച പാല്‍ എടുത്ത് ജീവനക്കാരുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. തിളച്ച എണ്ണ കൂടി ഒഴിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജീവനക്കാരും പോലീസുകാരും ഇടപെട്ട് തടയുകയായിരുന്നു.ഇതിനിടയില്‍ വഴിയോര കച്ചവടക്കാരുടെ സംഘടനയിലെ നേതാക്കള്‍ സ്ഥലത്തെത്തി ജീവനക്കാരെ തടയാന്‍ ശ്രമിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ചവരെ സ്ഥലത്തു നിന്ന് നീക്കി.
































