എടത്വ:ജലമേളകളിൽ അങ്കം കുറിക്കുവാൻ തലവടിയിൽ നിന്നും ‘നെപ്പോളിയൻ’ വരുന്നു.
ജലോത്സവ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കൾ മാത്രം ചേർന്ന് നിർമ്മിക്കുന്ന വെപ്പ് എ ഗ്രേഡ് വിഭാഗത്തിലുള്ള കളിവള്ളത്തിൻ്റെ “നെപ്പോളിയൻ ” ഉളികുത്തൽ കർമ്മം നവംബർ 19 ന് രാവിലെ 11നും 11.48നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്തൽ കർമ്മം നിർവ്വഹിക്കുമെന്ന് ‘നെപ്പോളിയൻസ് ടീം’ വക്താക്കൾ പറഞ്ഞു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ പനമൂട്ടിൽ പാലത്തിന് സമീപമുള്ള മാലിപ്പുരയിൽ വെച്ചാണ് നെപ്പോളിയനെ അണിയിച്ച് ഒരുക്കുന്നത്.
തലവടി ഗ്രാമത്തിന് വെപ്പ് വള്ളം വേണമെന്നുള്ള ആഗ്രഹം ഈ സുഹൃത്തുക്കളിലൂടെ ഇതോടു കൂടി പൂവണിയുന്നത്.മുൻകാലങ്ങളിൽ വെപ്പ് വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ നിലവിൽ ഇല്ല.
തലവടിക്ക് സ്വന്തമായി നിലവിൽ നാന്നൂറിലധികം ഓഹരി ഉടമകൾ ചേർന്ന് നിർമ്മിച്ച ‘തലവടി ചുണ്ടൻ’ വള്ളം ഉണ്ട്.
































