ഗുരുവായൂർ: പൊന്നുണ്ണിക്കണ്ണൻ്റെ തിരുമുന്നിൽ ഭക്തരുടെ തിരുമുൽകാഴ്ചയായി ഉത്രാടക്കുലകൾ ഭഗവാന് സമർപ്പിച്ച്, കൊടിമരത്തറ സ്വർണവർണക്കുമ്പാരമാക്കി ഭക്തർ.പൊന്നോണ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്ന കാഴ്ചക്കുല സമർപ്പണം ഭക്തിസാന്ദ്രമായി. വിപണിയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും തിളക്കമാർന്ന കുലകളാണ് ഭക്തർ ഇന്നലെ ഭഗവാനായി സമർപ്പിച്ച് ധന്യരായത്. രാവിലെ ശീവേലിക്കുശേഷം സ്വർണ കൊടിമര ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലയും. വിഘേശ്വരന് നാളികേരവും വെച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി പള്ളിശ്ശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ആദ്യകാഴ്ച ഭഗവാന് സമർപ്പിച്ചു മേൽശാന്തിയുടെ കാഴ്ചക്കുല സമർപ്പണത്തിനുശേഷം, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ കാഴ്ചക്കുല സമർപ്പിച്ചു.
തുടർന്ന് ഭക്തരുടെ സമർപ്പണം ആരംഭിച്ചതോടെ കൊടിമരച്ചുവട് കാഴ്ചക്കുലകളുടെ കൂമ്പാരമായി മാറി. ഇന്നലെ രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ ഭക്തർ കാഴ്ചക്കുലകളുമായി കണ്ണനരികിലെത്തി, കാഴ്ചക്കുല സമർപ്പിക്കാനെത്തിയ ഭക്തർക്ക് ഇരിപ്പിട സൗകര്യംവരെ ഒരുക്കിയിരുന്നു. കാഴ്ചക്കുലകളായി ലഭിച്ചതിൽ മൂന്നിലൊരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകി. ബാക്കി ഒരു ഭാഗം ഇന്ന് നടക്കുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനായും ബാക്കിയുള്ള കുലകൾ ഭക്തർക്കായി ലേലവും ചെയ്തു.































