കുട്ടനാട്: ഇനി വള്ളംകളിയുടെ നാളുകളാണ്. ആവേശത്തിന്റെ ആര്‍പ്പുവിളി മേളങ്ങളാല്‍ ഓളപ്പരപ്പുകളെ മുഖരിതമാക്കുന്ന കേരളത്തിന്റെ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത് കുട്ടനാട്ടിലെ ചമ്പക്കുളത്താണ്. മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ജലോത്സവം. ബുധനാഴ്ച രാജപ്രമുഖന്‍ ട്രോഫി വഹിച്ചുള്ള വിളംബര ഘോഷയാത്ര കുറിച്ചി കരിക്കുളം ക്ഷേത്ര അങ്കണത്തില്‍ നിന്ന് ആരംഭിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈകീട്ട് ചമ്പക്കുളത്തു സമാപിച്ചു.
































