കൊച്ചി:* കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് (CMRL) വൻ തിരിച്ചടി. കമ്പനിക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഇതോടെ സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
ഡിവിഷൻ ബെഞ്ചാണ് കമ്പനിയുടെ ഹർജി നിരസിച്ചത്. ഇഡിയുടെ അന്വേഷണം നിയമപരമാണെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നുമുള്ള മുൻ ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു.
ഇഡി അന്വേഷണത്തിന്മേലുള്ള സ്റ്റേ ആവശ്യം ഹൈക്കോടതി പൂർണ്ണമായും നിരാകരിച്ചു.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
മുൻപ് സിംഗിൾ ബെഞ്ചും സിഎംആർഎല്ലിന്റെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെയും നിർണായക വിധി വന്നിരിക്കുന്നത്.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടപെടുന്നത് നീതിയുക്തമല്ലെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്.കേസിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ-വ്യവസായ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.































