കൊച്ചി: പരാതിക്കാർ മജിസ്ട്രേറ്റിനു മുന്നിൽ നൽകുന്ന രഹസ്യമൊഴിയുടെ വായനായോഗ്യമായ പകർപ്പുകൾ വിചാരണയ്ക്കു മുമ്പുതന്നെ പ്രതികൾക്കു കൈമാറണമെന്നു ഹൈക്കോടതി ക്രോസ് വിസ്താരത്തിനിടെ പ്രതികൾക്കു പരാതിക്കാരുടെ വാദങ്ങൾ ഖണ്ഡിക്കാൻ ഇത് അനിവാര്യമാണ്. പ്രതികൾക്ക് ഇതിനുള്ള ഭരണഘട നാപരമായ അവകാശമുണ്ടെന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
പനങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ലഭിച്ച 164 മൊഴിയുടെ പകർപ്പ് അവ്യക്തമായിരുന്നു. വായനായോഗ്യമായ പകർപ്പിനായി പ്രതി നേരത്തേ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. വിചാരണ വേളയിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ സമൻസ് അയച്ചുവരുത്തി വ്യക്തത തേടുകയാണ് ഏക പോംവഴിയെന്നും പ്രത്യേക കോടതി ഉത്തരവിട്ടു.
എന്നാൽ ഇത് ന്യായീകരിക്കാവുന്നതല്ലെന്നു ഹൈക്കോടതി വിലയിരുത്തി. നീതിപൂർവമായ വിചാരണ പ്രതികളുടേയും അവകാശമാണ്. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തിയാലും പ്രോസിക്യൂഷൻ ശരിയായി വിസ്തരിക്കുമെന്നു പറയാനാകില്ല. അങ്ങനെ വന്നാൽ പ്രതിയുടെ അവകാശം ഹനിക്കപ്പെടും. അതിനാൽ ഹർജിക്കാരനു വായനായോഗ്യമായ പകർപ്പ് 15 ദിവസത്തിനകം നൽകണമെന്നു കോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകി































