ആലപ്പുഴ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പരാമർശം നടത്തിയ കേസിൽ പ്രതിക്ക് ഒരു വർഷവും മൂന്നുമാസവും തടവുശിക്ഷ. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 14-ാം വാർഡിൽ അജിൻ ഭവനം വീട്ടിൽ എ. ബിജുവിനെയാണ് (51) ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി.എ. സോഫിയ ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതി 5000 രൂപ പിഴയും ഒടുക്കണം.
2018 ഓഗസ്റ്റ് മൂന്നിന് രാത്രി 8.30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാരാഴ്മ ഭാഗത്തുവെച്ച് തടഞ്ഞുനിർത്തിയ പ്രതി ലൈംഗിക പരാമർശം നടത്തുകയായിരുന്നു. തുടർന്ന് യുവതിയെ പിന്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും അശ്ലീല വാക്കുകൾ വിളിച്ചുപറയുകയുമായിരുന്നു എന്നാണ് കേസ്.
മാന്നാർ സ്റ്റേഷനിലെ അന്നത്തെ എസ്.ഐ കെ.എൽ. മഹേഷ് അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ശോഭ വിനോദ് കോടതിയിൽ ഹാജരായി






























