കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തീർപ്പാക്കി. നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമവും തൃപ്തികരവുമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഈ ഘട്ടത്തിൽ കേസ് അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും അതിനാൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോജോ ജോസാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, ഹരജിക്കാരന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
അന്വേഷണം കൃത്യമായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും കേസിൽ യാതൊരുവിധ ഇന്റലിജൻസ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ അടക്കം 25 പേരെ ഇതിനോടകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണ്. കേതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം വൈകാതെ തന്നെ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് മേധാവി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.






























