പാരീസ്: അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ തടയുന്നതിനായി വിപ്ലവകരമായ ചുവടുവെയ്പ്പുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് പാസാക്കി. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്രയും വ്യാപകമായ നിയന്ത്രണം ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിക്കില്ല. കൂടാതെ, ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും സ്ഥിരീകരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിയമം നിർദേശം നൽകുന്നുണ്ട്.
ചൊവ്വാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകരിച്ച നിയമം പിന്നീട് നാഷണൽ അസംബ്ലിയിലും വലിയ ഭൂരിപക്ഷത്തോടെ പാസായി. 81 എതിർവോട്ടുകൾക്കെതിരെ 279 അനുകൂല വോട്ടുകൾ നേടിയാണ് ബിൽ സഭ കടന്നത്. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി ഡിജിറ്റൽ ലോകത്ത് ഇത്രയും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യങ്ങളിലൊന്നായി ഇതോടെ ഫ്രാൻസ് മാറിയിരിക്കുകയാണ്.
































