വാഷിംഗ്ടൺ: സൗദി അറേബ്യയുടെ സിവിലിയൻ ആണവ പദ്ധതിക്കായി യൂറേനിയം സമൃദ്ധീകരണ (Uranium Enrichment) ശേഷി ലഭ്യമാക്കാൻ സാധ്യതയുള്ള സുപ്രധാന കരാറിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. വിഷയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത, വിവരമറിയാവുന്ന രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപോർട്ട്. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടായേക്കും.
30 വർഷത്തേക്ക് ലക്ഷ്യമിട്ടുള്ള ഈ കരാറിൽ അമേരിക്കൻ കമ്പനികളുടെ സജീവ പങ്കാളിത്തമുണ്ടാകും. യു.എസും സൗദിയും ചേർന്ന് നടത്തുന്ന സംയുക്ത പഠനത്തിന് ശേഷം സൗദി അറേബ്യയിൽ യൂറേനിയം സമൃദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ കരാർ അനുമതി നൽകിയേക്കും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അനുമതിക്കായി യു.എസ് കോൺഗ്രസിന് (പാർലമെന്റ്) മുന്നിൽ കരാർ സമർപ്പിക്കും.
വാൾ സ്ട്രീറ്റ് ജേണലാണ് (The Wall Street Journal) ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പുതിയ കരാറിലൂടെ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് അമേരിക്കൻ ആണവ മേഖലയ്ക്ക് പ്രതീക്ഷിക്കുന്നത്. സൗദിയിൽ യൂറേനിയം സമൃദ്ധീകരണ കേന്ദ്രം സ്ഥാപിക്കുന്നതിൽ അമേരിക്കൻ കമ്പനികൾ പ്രധാന പങ്കുവഹിക്കുമെന്ന് റിപോർട്ടിൽ വ്യക്തമാക്കുന്നു.
സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിയന്ന ആസ്ഥാനമായുള്ള ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയിൽ (IAEA) സൗദി അറേബ്യയും അംഗമാണ്. യു.എസ് സാങ്കേതികവിദ്യ സൗദിയുമായി പങ്കിടുന്നതിനുള്ള ഈ ആണവ കരാറിനായി ട്രംപിന് പുറമെ മുൻ പ്രസിഡന്റ് ജോ ബൈഡനും ശ്രമങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് സൗദി അറേബ്യ സന്ദർശിക്കുകയും സൗദി ഊർജ്ജ മന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ സൗദി സന്ദർശനം.
































