ടെഹ്റാന്: യുഎസും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ മേഖലയിൽ യുദ്ധം വീണ്ടും കനക്കുന്നു. ഇറാനു നേരെ തുടര്‍ച്ചയായ ഏഴാം ദിനവും ശക്തമായ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു.
ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങള്‍, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണശാലകള്‍, നാവിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരേയാണ് തങ്ങളുടെ സേന ആക്രമണം നടത്തിയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) വ്യക്തമാക്കി. അതേസമയം, മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് തങ്ങള്‍ ശക്തമായി തിരിച്ചടിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ ഒരു വൈദ്യുത നിലയത്തിലും എണ്ണ കേന്ദ്രത്തിലും ആക്രമണം നടന്നതായി കുവൈത്ത് ഭരണകൂടവും സ്ഥിരീകരിച്ചു.
തകർന്ന സമാധാന ശ്രമങ്ങൾ
കഴിഞ്ഞ ജൂണ്‍ 17-നായിരുന്നു ഇറാനും യുഎസും യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള താത്കാലിക കരാറില്‍ ഒപ്പുവച്ചത്. തുടർന്ന് 60 ദിവസം ചര്‍ച്ചകള്‍ നടത്തി അന്തിമ സമാധാന കരാറിലെത്താനും ധാരണയായിരുന്നു. എന്നാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്റെ നിയന്ത്രണത്തെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ കാര്യങ്ങൾ വീണ്ടും വഷളാവുകയായിരുന്നു.
കഴിഞ്ഞയാഴ്ച ട്രംപ് വെടിനിര്‍ത്തല്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതോടെ യുദ്ധം പുനരാരംഭിച്ചു. നിലവിൽ ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുന്നതിനൊപ്പം ഇറാനിയൻ തുറമുഖങ്ങളില്‍ അമേരിക്ക ശക്തമായ നാവിക ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപിനും കുടുംബത്തിനുമെതിരെ ഭീഷണിയുമായി ഇറാൻ
യുഎസിനെതിരേ കടുത്ത പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി ഇറാൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ നഗരമധ്യത്തില്‍ അമേരിക്കയ്ക്കെതിരേ പ്രതികാരം പ്രഖ്യാപിച്ചുകൊണ്ട് ഭീമാകാരമായ പുതിയ ബാനർ പ്രത്യക്ഷപ്പെട്ടു.
അമേരിക്കന്‍ പതാക പുതപ്പിച്ച ശവപ്പെട്ടികള്‍ക്ക് മുകളിലായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങളാണ് ബാനറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കത്തിനശിക്കുന്ന വൈറ്റ് ഹൗസ് പശ്ചാത്തലമാക്കി തയാറാക്കിയ ബാനറില്‍, ട്രംപിനൊപ്പം അദ്ദേഹത്തിന്റെ അഞ്ച് മക്കളായ ഇവാന്‍ക, ഡോണ്‍ ജൂനിയര്‍, എറിക്, ടിഫാനി, ബാരണ്‍ ട്രംപ് എന്നിവരുടെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും ചിത്രങ്ങളാണുള്ളത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘രക്തത്തിന് പകരം രക്തം’ എന്ന മുദ്രാവാക്യവും ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു.
ഒരു പരസ്യബോര്‍ഡിലൂടെ യുഎസ് പ്രസിഡന്റിനെതിരേ ഇറാന് ഭീഷണി മുഴക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, മധ്യ ടെഹ്റാനിലെ എന്‍ഗെലാബ് സ്ക്വയറില്‍ യുഎസ് പ്രസിഡന്റ് ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നതായി ചിത്രീകരിക്കുന്ന ബില്‍ബോര്‍ഡ് ഇറാൻ സ്ഥാപിച്ചിരുന്നു. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
































