കണ്ണൂർ: കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് 29ന് പാനൂർ മേഖലയിൽ സിപിഎം ഹർത്താൽ നടത്തും. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്നു ഭൗതിക ശരീരം വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാർട്ടി പ്രവർത്തകരും നേതാക്കളും തലശേരിയിൽ കൊണ്ടുവരും.
തലശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് ഒന്നര മുതൽ മേനപ്രം കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് അഞ്ചു മണിക്ക് സംസ്കാരം നടത്തും. കൂത്തുപറമ്പ് സമരപോരാട്ടത്തിലെ അഞ്ച് രക്തനക്ഷത്രങ്ങൾക്കൊപ്പം പുഷ്പനും ഇതോടെ വിപ്ലവ ജ്വാലയായി മാറും.
































