എടത്വ: വള്ളംകളി പ്രേമികളുടെ ആവേശമായ എടത്വ പാണ്ടങ്കേരി പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25-ാം തീയതി ഉച്ചയ്ക്ക് 12.30-ന് ആഘോഷിക്കും. സ്തോത്ര പ്രാർത്ഥന ചടങ്ങ്, ആദ്യകാല തുഴച്ചിൽക്കാരെയും ശില്പികളെയും ആദരിക്കൽ, സാംസ്കാരിക പൊതുസമ്മേളനം, ഷോട്ട് പുളിക്കത്ര കളിവള്ളത്തിലെ ജലഘോഷയാത്ര എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.

നൂറാം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ആലോചന യോഗം ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് മാലിയിൽ പുളിക്കത്ര തറവാട്ടിൽ വെച്ച് നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള യോഗത്തിൽ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗം മോൻസി സോണി യോഗം ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ റജി എം. വർഗ്ഗീസ് അറിയിച്ചു.
റെക്കോർഡുകളുടെ പുളിക്കത്ര പെരുമ
ഒരേ കുടുംബത്തിൽ നിന്ന് തുടർച്ചയായി നാല് തലമുറക്കാർ കളിവള്ളങ്ങൾ നിർമ്മിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അപൂർവ്വ നേട്ടത്തിന് ഉടമകളാണ് പുളിക്കത്ര തറവാട്ടുകാർ. ഈ സവിശേഷത മുൻനിർത്തി പ്രശസ്തമായ യു.ആർ.എഫ് (URF) വേൾഡ് റെക്കോർഡ് ബഹുമതിയും ഈ തറവാടിന് ലഭിച്ചിട്ടുണ്ട്.
എടത്വാ വില്ലേജ് യൂണിയൻ രൂപീകരണത്തിന് ശേഷമുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റും റിട്ടയേർഡ് കൃഷി ഇൻസ്പെക്ടറുമായിരുന്ന മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയും, സഹോദരൻ വർഗ്ഗീസ് നൈനാനും ചേർന്ന് 1926-ലാണ് ‘പുളിക്കത്ര’ എന്ന ആദ്യ വള്ളം നീരണിയിക്കുന്നത്. ആ ചരിത്ര മുഹൂർത്തത്തിനാണ് ഇപ്പോൾ നൂറാം ആണ്ടിന്റെ നിറവ് വന്നെത്തിയിരിക്കുന്നത്.































