കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വയനാട് സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയെ നോക്കാൻ ഏൽപ്പിച്ച ശേഷം അവിടെനിന്ന് അപ്രത്യക്ഷയായത്.
കുഞ്ഞുമായി മറ്റൊരു യുവതി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് വനിതാ പോലീസുകാരുടെ സംരക്ഷണത്തിൽ കുഞ്ഞിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളജ് പോലീസിന് കൈമാറി.
കുഞ്ഞിനെ സ്റ്റേഷനിലേക്ക് എത്തിച്ച യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിന്റെ മാതാവ് ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിലേക്ക് പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അമ്മയ്ക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
പോലീസ് നടപടികൾക്ക് ശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുൻപാകെ ഹാജരാക്കി. സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.
































