തിരുവനന്തപുരം: സി.പി.എമ്മിന്റെ എല്ലാ തലങ്ങളിലും ശക്തമായ പുതുക്കിപ്പണിയൽ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടാകും. എന്നാൽ, അതിനർത്ഥം നേതാക്കൾ മാറുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി മാറുമെന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണ്. പാർട്ടി അടിമുടി മാറും. അത് കാലം ആവശ്യപ്പെടുന്നതിനും അപ്പുറമുള്ള മാറ്റമായിരിക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ ഉൾക്കൊണ്ട്, താനുൾപ്പെടെ എങ്ങനെ മാറണമെന്നാണ് ‘മാറ്റം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തനം മേൽഘടകം മുതൽ താഴേത്തട്ടുവരെ സമഗ്രമായി പരിശോധിച്ചാണ് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലേക്കുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ചാണ് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നത്. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഫലപ്രദമായ മുന്നേറ്റം ഉറപ്പാക്കാനുള്ള കർമ്മപദ്ധതിക്ക് ഈ യോഗം രൂപം നൽകും.
‘ദേശാഭിമാനി’ വാരാന്തപ്പതിപ്പിൽ ‘കള്ളൻ വിജയൻ’ എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. സാമാന്യമര്യാദയനുസരിച്ച് ഒരു പത്രം എന്ത് പ്രസിദ്ധീകരിക്കണമെന്നതിൽ മറ്റ് മാധ്യമങ്ങൾ ഇടപെടാറില്ല. ദേശാഭിമാനി എന്തുകൊണ്ട് അത് പ്രസിദ്ധീകരിച്ചില്ലെന്ന് ചോദിക്കാൻ മറ്റ് മാധ്യമങ്ങൾക്ക് എന്തവകാശമാണുള്ളതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
































