തിരുവനന്തപുരം: പി.എം. ശ്രീ (PM SHRI) സ്കൂൾ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ. രതീഷ് കാളിയാടൻ. പി.എം. ശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ അക്കാഡമിക് കാര്യങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെയും വാദങ്ങൾ തെറ്റായിരുന്നുവെന്ന് രതീഷ് കാളിയാടൻ ചൂണ്ടിക്കാട്ടുന്നു. ‘മലയാളം’ വാരികയിൽ എഴുതിയ ‘പി.എം. ശ്രീ: വാക്കും ഉറപ്പും മറക്കുന്ന വിദ്യ’ എന്ന ലേഖനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
പി.എം. ശ്രീ കരാറിൽ ഒപ്പുവെച്ച ശേഷം അതിൽ നിന്നും സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. ദേശീയ വിദ്യാഭ്യാസനയം (NEP 2020) അനുസരിച്ചുള്ള വിവിധ അധ്യായങ്ങൾ കൂട്ടിച്ചേർത്ത് നിർമിച്ച ആറ് ആരക്കാലുകളിൽ പണിത സൗധമാണ് പി.എം. ശ്രീ സ്കൂളുകൾ. സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഉപയോഗിച്ച് ഇത് സംസ്ഥാനത്ത് ‘ഹലാലാക്കി’ നടപ്പാക്കാമെന്ന പ്രചാരണം വെറും വ്യാമോഹം മാത്രമാണെന്നും രതീഷ് കാളിയാടൻ വിമർശിക്കുന്നു.
മന്ത്രിസഭ പോലും അറിയാതെയാണ് പിണറായി സർക്കാർ ഈ കരാറിൽ ഒപ്പുവെച്ചതെന്നും ഇത് ഗുരുതരമായ അപാകതയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിഷയത്തിൽ സി.പി.എം നിലപാടിനേക്കാൾ, അന്നത്തെ സി.പി.ഐ മന്ത്രിമാർ സ്വീകരിച്ച നിലപാടിനോടാണ് തനിക്ക് കൂടുതൽ യോജിപ്പുള്ളതെന്നും ഡോ. രതീഷ് കാളിയാടൻ തുറന്നടിക്കുന്നു. ഇടതുമുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തൽ.































