ന്യൂഡൽഹി: കാൽനടയാത്രയ്ക്കിടെ ശരീരത്തിൽ ചെളിതെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ കഴിഞ്ഞ ഒൻപതിനാണ് ബൻസി ലാൽ (34) എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഓൾഡ് ഡൽഹിയിലെ ലാലാ ലജ്പത് റായ് മാർക്കറ്റിലെ സി.സി.ടി.വി കടയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ബൻസി ലാൽ.
കേശവ്പുരത്തെ കനാലിന് സമീപത്തുകൂടി ബൻസി ലാൽ നടന്നുപോകുമ്പോൾ ഒരുസംഘം ആൺകുട്ടികളുടെ മേൽ ചെളി തെറിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൻസി ലാൽ മനഃപൂർവം ചെളിതെറിപ്പിച്ചതാണെന്ന് ആരോപിച്ച് കുട്ടികൾ ഇയാളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.
ആദ്യം നിസ്സാരമായി തുടങ്ങിയ തർക്കം പിന്നീട് കടുത്ത വാഗ്വാദത്തിലേക്കും അക്രമത്തിലേക്കും വഴിമാറി. ഏറ്റുമുട്ടലിനിടെ കൗമാരക്കാരിലൊരാൾ കയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് ബൻസി ലാലിനെ ക്രൂരമായി പലതവണ കുത്തുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളും അക്രമത്തിൽ പങ്കുചേർന്നു. കുത്തേറ്റ ബൻസി ലാൽ റോഡിൽ ചോരവാർന്ന് വീണതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
റോഡിൽ ചോരയൊലിച്ച് അബോധാവസ്ഥയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരം പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഉടൻ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവം നടന്ന സമയത്ത് പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും, ഭയം കാരണം ആരും തുറന്നുപറയാൻ തയ്യാറാകാതിരുന്നത് പോലീസിനെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെയും വലയിലാക്കിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.































