പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. ഇത്തരം കേസുകളിൽ ഇരകളായ കുട്ടികളുടെ പേരു മാത്രമല്ല, തിരിച്ചറിയാവുന്ന തരത്തിൽ ഒരു വിവരവും മാധ്യമങ്ങൾ വാർത്തകളിൽ കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും പോക്സോ ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിക്ക് തെളിവുകളാണ് സത്യമെങ്കിൽ മാധ്യമ പ്രവർത്തകർക്ക് സത്യമെന്താണോ അതാണ് സത്യം. പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇരയായ കുട്ടിയുടെ മാനസിക സമ്മർദ്ദം കൂടി കടക്കിലടുക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഇരയുമായി ബന്ധപ്പെട്ടവരുടെയോ ഇരയുടെ പരിസരത്തെ പറ്റിയോ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണ്.
അതിക്രമങ്ങൾക്ക് ഇരകളാകുന്ന കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.































