ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിനു കാവലിരിക്കുന്ന ദുർഭൂതമാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ലോകസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാർഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
എൽഡിഎഫിൻ്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതൻ മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിൻ്റേയും ജില്ലാ യോഗങ്ങൾ വരെ ചൂണ്ടിക്കാട്ടി വിഷയം സംസ്ഥാന യോഗത്തിലേക്കു ചർച്ചയ്ക്കെടുക്കാതെ സി പിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിനു കാവൽ നിൽക്കുകയാണ്.
മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാൾ പിണറായി വിജയൻ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരൻ എന്ന നിലയിലേക്ക് തരംതാഴുകയാണെന്നും കെപിസി സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ യഥാർഥ തിരുത്തൽ പ്രക്രിയ തുടക്കം കുറിക്കണമെന്നും, അതു പിണറായിയിൽ നിന്നായിരിക്കണമെന്നും സുധാകരൻ പറഞ്ഞു.































