സംസ്ഥാനത്ത് ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയതെന്ന് സതീശൻ പറഞ്ഞു.
നിയമസഭയില്‍ ധനമന്ത്രി കെ എം ബാലഗോപാലിന്റെ മറുപടി വളരെ ദുര്‍ബലമായിരുന്നെന്ന തോന്നലില്‍ നിന്നാകണം മുന്‍ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിച്ചത്. നികുതി ഭരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയും ഐജിഎസ്ടി പിരിവിലെ പരാജയവും തുറന്നുകാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തിന്റെ വിഹിതത്തില്‍ കുറവ് സംഭവിച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിനായി സംയുക്ത പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെയുണ്ട്.
റവന്യു ഡെഫിസിറ്റ് ഗ്രാന്റ് സംബന്ധിച്ച് ആറാം സമ്മേളനത്തില്‍ 24-08-2022 തീയതിയിലെ ചോദ്യം നമ്പര്‍ 499 ല്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ധനകാര്യ മന്ത്രി നല്‍കിയ ഉത്തരമാണ് ഞാന്‍ നിയമസഭയില്‍ പ്രതിപാദിച്ചത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചതെന്ന് ഈ ഉത്തരത്തില്‍ മന്ത്രി പറയുന്നു. 53137 കോടി രൂപ അഞ്ച് വര്‍ഷമായി വീതിച്ച് നല്‍കിയപ്പോള്‍ (15323+ 19891+ 13174+ 4749 ) കഴിഞ്ഞ വര്‍ഷം കിട്ടിയ തുകയെക്കാള്‍ ഈ വര്‍ഷം കുറഞ്ഞുവെന്ന വിചിത്രവും ദുര്‍ബലവുമായ വാദമാണ് മുന്‍ ധനമന്ത്രിയായ അങ്ങും ഇപ്പോഴത്തെ ധനമന്ത്രിയായ ബാലഗോപാലും ഉന്നയിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് വി ഡി സതീശൻ പറഞ്ഞു.































