ടെഹ്റാൻ/ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് മാരിടൈം സർവീസ് ഫീസ് (സമുദ്ര സേവന നിരക്കുകൾ) ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. നിലവിലുള്ള 60 ദിവസത്തെ സൗജന്യ കാലയളവ് അവസാനിക്കുന്നതോടെ പുതിയ ഫീസ് ഈടാക്കിത്തുടങ്ങും. ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ ഇറാൻ അംബാസഡർ അബ്ദുൽറെസ റഹ്മാനി ഫസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇറാന്റെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ അമേരിക്കയും ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിതരണം ചെയ്യപ്പെടുന്ന എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എൽ.എൻ.ജി) അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസിലൂടെയായതിനാൽ, ഇറാന്റെ ഈ പ്രഖ്യാപനം ആഗോള ഊർജ വിപണിയിലും കപ്പൽ വ്യൂഹങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഫീസ് ഈടാക്കുന്നത് സുരക്ഷയ്ക്കായി: ഇറാൻ
ഇത് യാത്രാ നികുതിയല്ലെന്നും ഗതാഗത സുരക്ഷ, പരിസ്ഥിതി സംരക്ഷണം, സമുദ്ര നിരീക്ഷണം എന്നിവയ്ക്കായി ഈടാക്കുന്ന നിരക്കാണെന്നുമാണ് ഇറാന്റെ വാദം. ഫീസ് ചുമത്തൽ രാജ്യാന്തര സമുദ്രനിയമങ്ങൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, കടലിടുക്കിലെ ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി ഒമാനുമായി ചേർന്ന് ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുകയാണെന്നും അറിയിച്ചു. സമീപകാല പ്രതിസന്ധികളിൽ ഒപ്പം നിന്ന ‘സൗഹൃദ രാജ്യങ്ങൾക്ക്’ പ്രത്യേക ഇളവുകൾ നൽകുമെന്നും ഇറാൻ വ്യക്തമാക്കിയെങ്കിലും ഇതിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ, കടലിടുക്കിന് ചുറ്റും യു.കെയും ഫ്രാൻസും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനെതിരെ ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാന്റെ നീക്കം അംഗീകരിക്കില്ലെന്ന് യു.എസ്.
രാജ്യാന്തര നിയമപ്രകാരം ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അതിലൂടെയുള്ള യാത്ര പൂർണ്ണമായും സൗജന്യമായി തുടരണമെന്നുമാണ് യു.എസിന്റെ വാദം. ഏകപക്ഷീയമായി ഫീസ് ഈടാക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും, ഇത്തരം അധികച്ചെലവുകളും നിയന്ത്രണങ്ങളും രാജ്യാന്തര വ്യാപാരത്തെയും ആഗോള ഊർജ വിപണികളെയും സാരമായി തടസപ്പെടുത്തുമെന്നും യു.എസ്. ഉദ്യോഗസ്ഥർ പ്രതികരിച്ചു.
തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്; ഹോർമുസ് സാമ്പത്തിക ജീവനാഡിയെന്ന് ഇന്ത്യ
രാജ്യാന്തര വ്യാപാരപാതകൾ സംബന്ധിച്ച തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്ന് ഇന്ത്യ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇന്ധനവിലയെയും വിതരണ ശൃംഖലകളെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതോപാധികളെയും സ്വാധീനിക്കുന്ന ഒരു രാജ്യാന്തര സാമ്പത്തിക ജീവനാഡിയാണെന്ന് ന്യൂഡൽഹി ഓർമ്മിപ്പിച്ചു.
“രാജ്യങ്ങൾക്ക് തങ്ങളുടെ സുരക്ഷാ ആശങ്കകളും സ്വന്തം അതിർത്തിയിലെ ജലാശയങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവുമുണ്ടെന്നത് ശരിയാണ്. എന്നാൽ, രാജ്യാന്തര വ്യാപാര പാതകളെ ബാധിക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. സുതാര്യവും രാജ്യാന്തര നിയമങ്ങളുടെയും സുസ്ഥിരമായ നയതന്ത്ര ഇടപെടലുകളുടെയും അടിസ്ഥാനത്തിലാകണം തീരുമാനങ്ങൾ.” – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
അഭിപ്രായവ്യത്യാസങ്ങൾ വലിയ പ്രതിസന്ധികളിലേക്ക് വളരുന്നത് തടയാൻ ഇറാനും അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹം ഫലപ്രദമായ ചർച്ചകൾ നടത്തണമെന്നും, വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക സമാധാനം നിലനിർത്തുന്നതിനും മുൻഗണന നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.