ലോകം ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുമ്പോൾ, അതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് നമ്മുടെ കുട്ടികളാണ്. സ്മാർട്ട്ഫോൺ സ്ക്രീനുകളിൽ ഒതുങ്ങിപ്പോകുന്ന ബാല്യങ്ങളെക്കുറിച്ച് നാം എപ്പോഴും ആശങ്കപ്പെടാറുണ്ടെങ്കിലും, കൃത്യമായൊരു പരിഹാരം നടപ്പിലാക്കാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. ഇവിടെയാണ് ഫ്രാൻസ് ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഫ്രഞ്ച് പാർലമെന്റിന്റെ നടപടി സർവാത്മനാ സ്വാഗതാർഹമാണ്.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയോടെയാണ് ഫ്രാൻസ് ഈ നിയമം പ്രാബല്യത്തിൽ വരുത്തുന്നത്. കേവലം ഉപദേശങ്ങളിൽ ഒതുക്കാതെ, 15 വയസ്സിന് താഴെയുള്ളവർക്ക് പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും സ്ഥിരീകരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന വ്യവസ്ഥ ഈ നിയമത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ 81 എതിർവോട്ടുകൾക്കെതിരെ 279 അനുകൂല വോട്ടുകൾ നേടി പാസായ ഈ ബിൽ, കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഒരു രാജ്യം നൽകുന്ന വലിയ മുൻഗണനയുടെ തെളിവാണ്. ഇതോടെ യൂറോപ്യൻ യൂണിയനിൽ ഈ ചുവടുവെപ്പ് നടത്തുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറിയിരിക്കുന്നു.

ഫ്രാൻസിലെ ഈ മാറ്റം നാം വെറുമൊരു അന്താരാഷ്ട്ര വാർത്തയായി കണ്ട് തള്ളിക്കളയേണ്ടതല്ല. നമ്മുടെ രാജ്യവും, വിശേഷിച്ച് നമ്മുടെ സമൂഹവും ഇതിൽ നിന്ന് വലിയൊരു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്ന കുട്ടികളുടെ കുറ്റകൃത്യങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും പിന്നിലെ പ്രധാന വില്ലൻ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ്-സോഷ്യൽ മീഡിയ ഉപയോഗമാണ്. സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ വീഴുന്ന കുട്ടികളുടെ എണ്ണവും അനുദിനം പെരുകുകയാണ്. ഓൺലൈൻ ഗെയിമുകൾക്കും സോഷ്യൽ മീഡിയയിലെ ലൈക്കുകൾക്കും അടിമപ്പെടുന്ന കുട്ടികൾക്ക് യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്ന കാഴ്ച നാം നിത്യേന കാണുന്നു. ഈ സാഹചര്യത്തിൽ ഫ്രാൻസിന്റെ മാതൃക നമ്മുടെ രാജ്യവും പിന്തുടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിനിർത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ല, മറിച്ച് അവരുടെ ഭാവിക്കുള്ള കരുതലാണെന്ന് നാം തിരിച്ചറിയണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ, സമൂഹത്തോട് ചേർന്നുനിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണ്. മാതൃകാപരമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ, ഡിജിറ്റൽ ലോകത്തെ മായക്കാഴ്ചകളിൽ നിന്ന് അവരെ രക്ഷിച്ചേ മതിയാകൂ.
കുട്ടികളുടെ സുരക്ഷയെക്കരുതി ഡിജിറ്റൽ ലോകത്ത് ഇത്തരം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നമ്മുടെ ഭരണകൂടങ്ങളും തയ്യാറാകണം. സാങ്കേതികവിദ്യയുടെ ഗുണവശങ്ങൾ മാത്രം സ്വീകരിക്കുകയും ദോഷവശങ്ങളെ പടിക്ക് പുറത്ത് നിർത്തുകയും ചെയ്യുന്ന ഒരു നയം നമ്മുടെ രാജ്യത്തും അനിവാര്യമാണ്. ഫ്രാൻസ് കാണിച്ചുതന്ന ഈ ധീരമായ വഴിയിലൂടെ നടക്കാൻ ഇന്ത്യയും തയ്യാറാകണം; അത് വരുംതലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും.































