മൂവാറ്റുപുഴ: പതിനാലുകാരിയെ രണ്ടുവര്‍ഷത്തോളം ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് 12 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ.
കോട്ടപ്പടി പുഞ്ച പരത്തുവയലില്‍ എല്‍ദോസിനെയാണ് (59) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2017 ഒക്ടോബര്‍ ഒമ്പതു മുതല്‍ 2019 ഒക്ടോബര്‍ 30 വരെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരന്തര ശല്യത്തിനൊടുവില്‍ കുട്ടി അമ്മയെ വിവരമറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ അമ്മ പരാതി നല്കി. ഇവരുടെ നിര്‍ദേശ പ്രകാരം കോട്ടപ്പടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സി.ഐ. സി. ശ്രീജിത്ത്, എസ്.ഐ എം.എം. അബ്ദുറഹ്മാൻ, വനിത സിവില്‍ പൊലീസ് ഓഫിസര്‍ സി.എ. ഫിലോമിന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്. ജമുന ഹാജരായി.































