കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർത്ഥി പിടിയിലായി. അങ്കമാലി സ്വദേശിയായ ആൻസൻ ആണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പ് വഴി പിക്കപ്പ് വാൻ ബുക്ക് ചെയ്ത് പുലർച്ചെയോടെ കട്ടിലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് മോഷണശ്രമം പൊളിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഹോസ്റ്റൽ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ആൻസൻ, എട്ടോളം കട്ടിലുകൾ പിക്കപ്പ് വാനിൽ കയറ്റി കെട്ടിവെച്ച് കടന്നുകളയാൻ ഒരുങ്ങുകയായിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ പലരും ഹോസ്റ്റലിൽ പതിവായി വരാറുള്ളതിനാൽ ആദ്യ ഘട്ടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നിയിരുന്നില്ല.
“മുട്ടയെ കൊല്ലാൻ അങ്കമാലിക്ക് കൊണ്ടുപോകുന്നു!”
വാനിൽ കട്ടിലുകൾ കയറ്റുന്നത് കണ്ട് സംശയം തോന്നി സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ വിചിത്രമായ മറുപടിയാണ് ആൻസൻ നൽകിയത്. കട്ടിലുകളിലെ മൂട്ടകളെ കൊല്ലാൻ അങ്കമാലിയിൽ കൊണ്ടുപോയി മരുന്നടിച്ച് തിരികെ കൊണ്ടുവരാനാണ് ഇതെന്നായിരുന്നു ആൻസന്റെ വാദം. എന്നാൽ, ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയായിരുന്നു. വാർഡൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പോലീസ് സ്ഥലത്തെത്തി ആൻസനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സാമ്പത്തിക ബുദ്ധിമുട്ടെന്ന് പ്രതി
2024-ൽ മഹാരാജാസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയ ആളാണ് ആൻസൻ. ഇതിന് മുൻപ് ഇയാൾ മറ്റ് മോഷണക്കേസുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അമ്മയ്ക്ക് അസുഖമാണെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് മോഷണത്തിന് മുതിർന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞത്. മോഷണത്തിന് മുമ്പ് ഇയാൾ ചില സുഹൃത്തുക്കളെ ഫോണിൽ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.






























