കരിമുകൾ: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് സ്വർണം-ക്രൂഡ് ഓയിൽ ട്രേഡിങ് ബിസിനസ്സിൽ വൻലാഭം വാഗ്ദാനം ചെയ്ത് പെരിങ്ങാല സ്വദേശിയിൽനിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ അമ്പലമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളിക്കര പെരിങ്ങാല മസ്ജിദ് മുബാറക്കിന് സമീപം ഇരുപ്പക്കോട്ടിൽ മുഹമ്മദ് അഷ്‌റഫാണ് (പരാതിക്കാരൻ) തട്ടിപ്പിനിരയായത്. 2024 ജനുവരി 20 മുതൽ ഏപ്രിൽ 13 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ട് ‘വിഷ്ണു’ എന്ന പേരിൽ മലയാളത്തിൽ സംസാരിച്ചയാളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്.
സ്വർണം, ക്രൂഡ് ഓയിൽ എന്നിവയുടെ ട്രേഡിങ് നടത്തിയാൽ വൻതുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ നിർദേശപ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ വിവിധ അക്കൗണ്ടുകളിൽനിന്ന് പലതവണകളായി 57,72,484 രൂപ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ, പണം നൽകി ട്രേഡിങ് നടത്തിയ ശേഷം നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ നൽകിയില്ല.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അമ്പലമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് ഐഡി, പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ, മറ്റ് ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.






























