കാലടി: സംസ്കൃത പണ്ഡിതനും വാഗ്മിയും ഗ്രന്ഥകർത്താവുമായിരുന്ന നായത്തോട് കോശാപ്പള്ളി മനയിൽ പ്രഫ. കെ.പി. ബാബുദാസ് (72) നിര്യാതനായി. ശ്രീശങ്കര കോളജിലെ സംസ്കൃത വിഭാഗത്തിൽനിന്ന് വിരമിച്ച അദ്ദേഹം, ഭാരതത്തിലെ എണ്ണപ്പെട്ട വേദാന്ത പണ്ഡിതരിലൊരാളും വലിയ ശിഷ്യസമ്പത്തിനുടമയുമായിരുന്നു. ശൃംഗേരി ശാരദാപീഠത്തിലെ ഗണപതിവാക്യാർഥ സദസ്സിലെയും കാലടി ശൃംഗേരിമഠത്തിലെ ശ്രീശങ്കരജയന്തി വാക്യാർഥസദസ്സിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച വാഗ്മിയും സാഹിത്യകാരനും കഥകളി ആസ്വാദകനുമായിരുന്നു. മലയാളസാഹിത്യത്തിനും ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. അരങ്ങ്, അഹം ബ്രഹ്മാസ്മി (മലയാളം നോവലുകൾ), സന്ദർശനം (ബാലസാഹിത്യം), ശൗര്യഗുണം (ജീവചരിത്രം), വേദാന്തപരിഭാഷ (പരിഭാഷയും പഠനവും) തുടങ്ങിയവ രചനകളിൽ ചിലതാണ്.
ആനുകാലികങ്ങളിലും മറ്റും ധാരാളം പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദാർശനിക ലോകത്തിനും സാഹിത്യലോകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് 1977ലെ മാമൻ മാപ്പിള അവാർഡ്, 1982ലെ കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ്, 2010ലെ കേരള കലാമണ്ഡലം അവാർഡ്, 2013ലെ പി.കെ. പരമേശ്വരൻ നായർ അവാർഡ്, 2007ൽ ശൃംഗേരി ശാരദാപീഠാധിപതിയിൽനിന്ന് വേദാന്തപാണ്ഡിത്യത്തിനുള്ള സുവർണാംഗുലീയം, 2011ൽ കലിയത്ത് പരമേശ്വരഭാരതി സ്വാമികൾ സ്മാരക പുരസ്കാരം, 2015 ൽ ധർമാത്മാ ഡോ. വി.വി. വൈദ്യസുബ്രഹ്മണ്യ അവാർഡ്, 2021ലെ ശൃംഗേരി ശാരദാപീഠം ഭാരതീതീർഥ പുരസ്കാരം, 2022ലെ ശ്രീശങ്കര കൾചറൽ സൊസൈറ്റിയുടെ വിജ്ഞാനപീഠം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. കെ.എൻ. ശോഭന (സീനിയർ ഫിസിഷ്യൻ, വിമല ഹോസ്പിറ്റൽ, കാഞ്ഞൂർ). മക്കൾ: കെ.ബി. ഗൗതം (റിസർച് ഫെലോ, ഐ.എസ്.ആർ.ഒ), ഡോ. ഗായത്രി (ജി.ജി ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: ശ്രീജ (എൻജിനീയർ, തിരുവനന്തപുരം), അർജുൻ (ഐ.എസ്.അർ.ഒ, തിരുവനന്തപുരം). മൃതദേഹം കാലടി ആശ്രമം റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.






























