തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് മുൻകേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാകുന്നു. ജസ്റ്റിസ് മണികുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള ജസ്റ്റിസ് മണികുമാറിൻ്റെ നിയമനത്തിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. മണികുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയൽ ഒപ്പിടാതെ ഗവർണർ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗവർണർ നിയമന ഫയൽ ഒപ്പുവെച്ചത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ആൾക്കാർ ഈ കാര്യത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ജസ്റ്റിസ് എസ് മണികുമാർ ഹൈക്കോടതിയിൽ നിന്നും വിരമിച്ചപ്പോൾ മുഖ്യമന്ത്രി യാത്ര അയപ്പ് സൽക്കാരം നൽകിയത് അന്ന് വിവാദമായിരുന്നു. 2023 ഓഗസ്റ്റ് മാസത്തിലായിരുന്നു സർക്കാർ ജസ്റ്റിസ് മണികുമാറിനെ മനുഷ്യവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനുവേണ്ടിയുള്ള ഫയൽ രാജ്ഭവനിൽ നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുവാനുള്ള യോഗത്തിൽ മണികുമാറിന്റെ പേര് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എതിർക്കുകയും കീഴ്‌വഴക്കങ്ങളനുസരിച്ച് അർഹരായവരുടെ പേരുകളും അനുബന്ധ വിവരങ്ങളും സർക്കാർ എല്ലാ അംഗങ്ങൾക്കും മുൻകൂട്ടി നൽകാറുണ്ട്. എന്നാൽ ഏകപക്ഷമായി ഒരുപേര് മാത്രമായി അറിയിച്ചത് ദുരൂഹതയാണെന്നും വിയോജനക്കുറിപ്പിൽ പ്രതിപക്ഷ നേതാവ് അന്ന് എഴുതിയിരുന്നു
കഴിഞ്ഞവർഷം ഏപ്രിൽ 24- നാണ് എസ് മണികുമാർ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ചത്. 2006 -നാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. 2019 ഒക്ടോബർ 11- ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. തമിഴ്നാട് സ്വദേശിയാണ് മണികുമാർ . ഹൈക്കോടതിയിൽ നിന്നും വിരമിച്ച ശേഷം സംസ്ഥാന സർക്കാർ കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ യാത്ര അയപ്പ് നൽകിയതിനെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കാം മണികുമാറിന്റെ പിൻമാറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് പ്രതിപക്ഷത്തിന് വീണ്ടും ഒരു പ്രചരണ ആയുധം കൊടുക്കുവാൻ സർക്കാർ തയ്യാറാകുകയില്ല. ഇതുവരെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മലയാളി ജസ്റ്റിസുമാരാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.































