ബെംഗളൂരു: കേരളത്തിൽ കോൺഗ്രസും എസ്ഡിപിഐയുമായുള്ള ബന്ധത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയാണ് കർണാടക രാമനഗരത്തിലെ റോഡ് ഷോയിൽ അമിത് ഷാ കോൺഗ്രസിനെതിരേ ആഞ്ഞടിച്ചത്.
ഒരു ഭാഗത്ത് ബെംഗളൂരുവിൽ സ്ഫോടനങ്ങൾ. മറുഭാഗത്ത് കേരളത്തിൽ എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതു ശരിയെങ്കിൽ കോൺഗ്രസ് സർക്കാരിനു കീഴിൽ കർണാടകയിലെ ജനങ്ങൾ എങ്ങനെ സുരക്ഷിതരായിരിക്കും? അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. ഇത്തരം വർഗീയ ശക്തികളുടെ ആനുകൂല്യത്തോടെയാണ് കോൺഗ്രസ് രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെന്നാണ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതിലൂടെ തെളിയുന്നത്, അദ്ദേഹം പറഞ്ഞു.
തങ്ങൾ സഖ്യമുണ്ടാക്കിയില്ലെന്നും അങ്ങോട്ടു ചെന്ന് പിന്തുണ തേടിയില്ലെന്നും എന്നാൽ അവരുടെ വോട്ട് വേണ്ടെന്നു പറയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഈ ബന്ധമൊളിപ്പിക്കാനും വിവാദമാക്കാതിരിക്കാനുമാണ് യുഡിഎഫിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ നീക്കം.
ഒരു വിഭാഗം മാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കാതെ, വാർത്ത നല്ലാതെ ഒതുക്കി. ചാനൽ ചർച്ചകളുണ്ടായില്ല. ഇതു മുക്കാൻ ശ്രമിക്കുമ്പോഴാണ് രാജ്യവിരുദ്ധ ശക്തികളുമായുള്ള കോൺഗ്രസ് ബന്ധം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഉയർത്തിക്കാട്ടിയത്. ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രത്വീകരണം. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.































