കോട്ടയം:അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരുകയും ചെയ്തിരുന്ന ഫാ. സിറിയക് പെരിങ്ങേലില്‍ (88) നിര്യാതനായി.
1935 ഡിസംബര്‍ 10ന് മാങ്കിടപ്പള്ളി സെന്റ് തോമസ് ഇടവക പെരിങ്ങേലില്‍ കുര്യാള-നൈത്തി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലുവ സെന്റ് ജോസഫ്സ് സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1963 മാര്‍ച്ച് 11ന് വൈദികപട്ടം സ്വീകരിച്ചു. കല്ലിശ്ശേരി, ഓതറ, പുനലൂര്‍, ഇരവിപേരൂര്‍. തുരുത്തിക്കാട്, മാങ്കിടപ്പള്ളി, വിതുര, വാരപ്പെട്ടി, രാമമംഗലം, കറ്റോട്, തെങ്ങേലി, മകുടാലയം പള്ളികളില്‍ വികാരിയായും ഉഴവൂര്‍, കൈപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് ചാപ്ലെയിന്‍, കാരിത്താസ് ബി.ടി.എം ഓള്‍ഡേജ് ഹോം ചാപ്ലെയിന്‍ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിറിയക് പെരിങ്ങേലില്‍ അച്ചന് അപ്നാദേശില്‍ ‘ചുറ്റും കണ്ണോടിക്കുമ്പോള്‍’ എന്ന പംക്തി സ്ഥിരമായി എഴുതിയിരുന്നു. 18 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 101 സമുദായ പ്രമുഖര്‍, ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്നിവയാണ് പ്രധാന കൃതികള്‍.
ജസ്റ്റിസ് മാങ്കിടപ്പള്ളി എന്ന തൂലിക നാമത്തിലാണ് രചനകള്‍ നിർവഹിച്ചിരുന്നത്. ഫാ. നെടുംചിറ ഫൗണ്ടേഷന്റെ പുസ്തക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജേക്കബ്, മത്തായി, തോമസ്, ജോസ്, സണ്ണി.






























