കാലടി: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈ ഐരോളി കോംപ്ലക്സ് ജുപീറ്റർ കിഷോർ വെനേറാം ചൗധരിയെയാണ് (34) അറസ്റ്റ് ചെയ്തത്.
അസർബൈജാനിൽ റിഗ്ഗിൽ ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാറ്റൂർ സ്വദേശി സിബിനിൽനിന്ന് 1,25,000 രൂപ ഗൂഗ്ൾ പേവഴി കൈപ്പറ്റിയ ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മുംബൈയിൽ തന്നെ താമസിക്കുന്ന ഡൽഹി, ഹരിയാന സ്വദേശികളായ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കിഷോറിനെ മഹാരാഷ്ട്ര താണെയിൽനിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികൾ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു തട്ടിപ്പുകേസിലെ പ്രതികളാണ്.
ഇൻസ്പെക്ടർ എൻ.എ. അനൂപ്, എസ്.ഐമാരായ എം.സി. ഹാരിഷ്, വി.കെ. രാജു, സി.പി.ഒമാരായ ഷിജോ പോൾ, എൻ.കെ. നിഖിൽ, കെ.എസ്. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.































