വാഷിങ്ടൺ: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേലുള്ള താരിഫ് നിരക്കുകൾ വെട്ടിക്കുറയ്ക്കുന്ന പുതിയ റഷ്യ-ഉപരോധ ഭേദഗതി ബിൽ അമേരിക്കൻ പാർലമെന്റ് പാസാക്കി. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രതിനിധികളുടെ സംയുക്ത പിന്തുണയോടെയാണ് ഈ സുപ്രധാന ബിൽ യു.എസ് കോൺഗ്രസ് പാസാക്കിയത്.
റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജ മേഖല എന്നിവയ്ക്ക് മേൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തി റഷ്യയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, അതേസമയം തന്നെ ഇന്ത്യയും ചൈനയുമായി മികച്ച വ്യാപാര-നയതന്ത്ര ബന്ധം ആഗ്രഹിക്കുന്ന യു.എസിന്റെ തന്ത്രപരമായ നീക്കവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ താരിഫ് അധികാരം 100 ശതമാനമായി കുറച്ചു
പുതിയ ഭേദഗതി പ്രകാരം റഷ്യയുമായി എണ്ണയിടപാട് നടത്തുന്ന രാജ്യങ്ങൾക്കു മേൽ പരമാവധി 100 ശതമാനം വരെ മാത്രം താരിഫ് ചുമത്താനേ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇനി അധികാരം ഉണ്ടാകൂ. ബില്ലിന്റെ മുൻ പതിപ്പിൽ ഇത് പരമാവധി 500 ശതമാനം വരെയായിരുന്നു. റഷ്യൻ ഊർജത്തെ കടുത്ത തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ, അവിടെ നിന്നുള്ള ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് താരിഫ് നിരക്കുകൾ പുനരവലോകനം ചെയ്തിരിക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ അസംസ്കൃത എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെയാണ് പുതുക്കിയ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രകൃതിവാതക ഇറക്കുമതിക്കാർക്കും ഇളവ്
റഷ്യയുടെ പ്രകൃതിവാതകത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈന, ഫ്രാൻസ്, ജപ്പാൻ, ഹംഗറി, ബെൽജിയം എന്നിവർക്കും ബില്ലിലെ വ്യവസ്ഥകൾ ബാധകമാകും. നിലവിൽ റഷ്യൻ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം വാങ്ങുകയും, ആ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ സജീവമായി ശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് പ്രത്യേക ഇളവുകൾ ബിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾക്ക് ഈ ഇളവുകൾ പ്രയോജനപ്പെടും.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിന്’ പൂട്ടിടും
പാശ്ചാത്യ രാജ്യങ്ങളുടെ ഷിപ്പിങ് നെറ്റ്വർക്കുകൾക്ക് പുറത്തുനിന്നുകൊണ്ട് ഉപരോധങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന റഷ്യയുടെ എണ്ണ ടാങ്കറുകളുടെ ‘ഷാഡോ ഫ്ലീറ്റിന്’ (Shadow Fleet) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പുതിയ ബില്ലിൽ നിർദേശമുണ്ട്. റഷ്യയുടെ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളെയും യമൽ എൽ.എൻ.ജി (Yamal LNG), ആർട്ടിക് എൽ.എൻ.ജി (Arctic LNG) പോലുള്ള റഷ്യയുടെ വൻകിട ഊർജ്ജ പദ്ധതികളെയും തകർക്കുക ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ ഉപരോധ നീക്കങ്ങൾ.

































