തിരുവനന്തപുരം: ഇടതുമുന്നണിയുടെ പരമ്പരാഗത സാമൂഹിക അടിത്തറയിലുണ്ടായ മാറ്റവും മധ്യവർഗത്തിന്റെ വളർച്ചയുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പ്രധാന കാരണമെന്ന് മുതിർന്ന സി.പി.എം. നേതാവ് ടി.എം. തോമസ് ഐസക്. സി.പി.എമ്മിന്റെ പോഷക സംഘടനയായ കേരള കർഷക സംഘം പ്രസിദ്ധീകരിക്കുന്ന ‘കർഷകനാദം’ മാസികയിലെ ‘എന്തുകൊണ്ട് തിരിച്ചടിയുണ്ടായി’ എന്ന ലേഖനത്തിലാണ് തോമസ് ഐസക്കിന്റെ ഈ നിർണായക വിലയിരുത്തൽ.
ഇടതുഭരണത്തിന്റെ ചില രീതികളോടുള്ള ജനങ്ങളുടെ അതൃപ്തിയും പാർട്ടിയുടെ അടിത്തറയായ പാവപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ നിന്നുണ്ടായ വോട്ട് ചോർച്ചയും 2026-ലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാറിയ വർഗഘടനയും വോട്ട് ചോർച്ചയും
കർഷകത്തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, കൂലിവേലക്കാർ തുടങ്ങിയ സാധാരണക്കാരായിരുന്നു ഇടതുമുന്നണിയുടെ പ്രധാന സാമൂഹിക അടിത്തറ. എന്നാൽ ഇവരുടെ എണ്ണത്തിൽ കുറവുണ്ടാകുകയും സമൂഹത്തിൽ മധ്യവർഗക്കാരുടെ പ്രാധാന്യം വർധിക്കുകയും ചെയ്തു. ഈ മാറ്റം ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇതിനൊപ്പം പാർട്ടിയുടെ അടിത്തറയായ പാവപ്പെട്ട സാമൂഹികവർഗങ്ങളിൽ ഉണ്ടായ അതൃപ്തി വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും, ഇത് പാർട്ടിയുടെ സ്വാധീനം ഇടിഞ്ഞുവെന്ന് തെളിയിക്കുന്നതാണെന്നും ലേഖനം വ്യക്തമാക്കുന്നു.
അകന്നുനിന്ന ന്യൂനപക്ഷങ്ങൾ; മൂന്നാം ഊഴത്തോടുള്ള വിമുഖത
സംസ്ഥാന ജനസംഖ്യയിൽ പകുതിയോളമുള്ള ന്യൂനപക്ഷങ്ങൾക്കിടയിൽ ഇപ്പോഴും പാർട്ടിക്ക് വിചാരിച്ചത്ര സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്ന് കണക്കുകൾ നിരത്തി തോമസ് ഐസക് സമർഥിക്കുന്നു.
ന്യൂനപക്ഷ വോട്ടുകളുടെ വിഭജനം ഇങ്ങനെ:
- മുസ്ലിം വോട്ടുകൾ: യു.ഡി.എഫിന് 60.8% ലഭിച്ചപ്പോൾ എൽ.ഡി.എഫിന് കിട്ടിയത് 31% മാത്രം.
- ക്രിസ്ത്യൻ വോട്ടുകൾ: യു.ഡി.എഫ് 63.38% വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിന് 29.5% മാത്രമാണ് ലഭിച്ചത്.
ക്രൈസ്തവസഭകൾ പൊതുവിൽ ഇടതുമുന്നണിയോട് സൗഹാർദപരമായ സമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും, കമ്മ്യൂണിസ്റ്റുകാർ തുടർച്ചയായി മൂന്നാം തവണയും കേരളം ഭരിക്കുന്നതിനോട് അവർക്ക് യോജിപ്പില്ലായിരുന്നു. ഒരു തവണ കൂടി ഭരണത്തിന് പുറത്തിരുന്നാൽ കോൺഗ്രസ് തകർന്നുപോകുമെന്ന് ന്യൂനപക്ഷങ്ങൾ ഭയപ്പെട്ടു. കോൺഗ്രസിന്റെ തകർച്ച ഒഴിവാക്കാൻ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യണമെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായി. ഈ വലതുപക്ഷ ഏകീകരണം വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിന് പോരായ്മ സംഭവിച്ചതായി ഐസക് സമ്മതിക്കുന്നു.
‘സി.പി.എം – ബി.ജെ.പി ഡീൽ’ പ്രചാരണം ഏശാൻ കാരണം
രാഹുൽ ഗാന്ധി മുതൽ മുഴുവൻ യു.ഡി.എഫ് നേതാക്കളും ഉന്നയിച്ച ‘സി.പി.എം-ബി.ജെ.പി ഡീൽ’ എന്ന ആരോപണം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കി. ഇടതുപക്ഷത്തിന് ശക്തമായ മതനിരപേക്ഷ പാരമ്പര്യമുണ്ടായിരുന്നിട്ടും, ഇത്തരമൊരു വ്യാജപ്രചാരണം ജനങ്ങൾ വിശ്വസിക്കാൻ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകൾ സഹായകരമായിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും തോമസ് ഐസക് ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.






























