കോഴിക്കോട്: വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ മാല പൊട്ടിച്ചോടിയ ഹോട്ടൽ മാനേജർ പോലീസ് പിടിയിൽ. കോഴിക്കോട് മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുന്ന ഷനൂപാണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.
ആർക്കും സംശയം തോന്നാത്ത രീതിയിൽ തികച്ചും ഔദ്യോഗികമായ (എക്സിക്യൂട്ടീവ്) വേഷം ധരിച്ചെത്തിയാണ് ഇയാൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചാത്തമംഗലം സ്വദേശിനിയായ ദേവകിയമ്മ എന്ന വയോധികയുടെ മാലയാണ് ഷനൂപ് പൊട്ടിച്ചെടുത്തത്. ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്ന വയോധികയെ പൂളപ്പറമ്പ് വാട്ടർ ടാങ്കിന് സമീപത്ത് വച്ചാണ് ഇയാൾ ആക്രമിച്ചത്.
ബൈക്കിലെത്തിയ ഷനൂപ് രണ്ട് മൂന്ന് തവണ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയ ശേഷമാണ് ദേവകിയമ്മയ്ക്ക് സമീപമെത്തിയത്. തുടർന്ന് വഴി ചോദിച്ചെന്ന വ്യാജേന സംസാരിക്കുകയും, പെട്ടെന്ന് മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയുമായിരുന്നുവെന്ന് ദേവകിയമ്മ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.






























