തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി സെബിയെ (SEBI) സമീപിച്ചതിലുള്ള അതൃപ്തി സർക്കാർ കമ്പനിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷ നേതാവിനെ അദ്ദേഹം വെല്ലുവിളിച്ചു.
നിലവിലെ സർക്കാരിന്റെ കാലയളവിൽ അദാനി കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നൽകിയിട്ടില്ല. സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച നടപടികൾ അദാനി കമ്പനി ആരംഭിച്ചുവെന്ന് വേണം മനസിലാക്കാനെന്നും സതീശൻ കത്തിൽ വ്യക്തമാക്കുന്നു.
പിണറായി വിജയൻ നേതൃത്വം നൽകിയിരുന്ന എൽ.ഡി.എഫ് സർക്കാർ 2025-ൽ സംഘടിപ്പിച്ച ‘വിഴിഞ്ഞം കോൺക്ലേവിൽ’ എം.എസ്.സി (MSC) കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. അങ്ങനെയെങ്കിൽ അന്നു മുതലേ ഓഹരി കൈമാറ്റത്തിനായുള്ള ചർച്ചകൾ നടന്നുവെന്ന് കരുതേണ്ടി വരില്ലേ എന്നും സതീശൻ ചോദിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയതും, അതിനും മുൻപ് ജൂൺ 5-ന് ‘വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെർമിനൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്തയും ഇതിന് തെളിവാണ്. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോർട്സും എം.എസ്.സി പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാർത്തയിലുണ്ട്. എൽ.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സി.പി.എമ്മും അറിയാതെ ഇത്തരം ചർച്ചകൾ നടക്കുമോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാൻ ശ്രമിക്കുന്നത്. ഈ കമ്പനിയിൽ സംസ്ഥാന സർക്കാർ ഓഹരി പങ്കാളിയല്ല. അതിനാൽ സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ജൂലൈ ഒന്നിനാണ് അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തു നൽകിയത്. എന്നാൽ മുൻകൂർ അനുമതി തേടാതെ സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സർക്കാർ കമ്പനിയെ അറിയിച്ചു. തുടർന്ന് ജൂലൈ മൂന്നിന് അദാനി കമ്പനി മറ്റൊരു കത്ത് സർക്കാരിന് നൽകി. ഇക്കാര്യം എട്ടിന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതാണെന്നും സതീശൻ ഓർമ്മിപ്പിച്ചു. ഈ വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന താല്പര്യം മുൻനിർത്തി മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കൺസഷനെയർ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിഷ്കർഷിച്ചിരിക്കുന്നത്. കരാറിലെ ക്ലോസ് 5.8 പ്രകാരം കോമൺ യൂസർ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെയും അനുമതികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.






























