തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കണ്ടെത്തലിനെത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന രഞ്ജിത്ത് അടക്കം മൂന്ന് പ്രമുഖ നേതാക്കൾക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. അഞ്ജനയെ കൂടാതെ ബിജെപി സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ്, തിരുവനന്തപുരം മേഖലാ സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ എന്നിവരെയും പാർട്ടിയുടെ എല്ലാവിധ ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കി.
പാർട്ടി സംസ്ഥാന അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തത്. അച്ചടക്ക നടപടിക്ക് വിധേയമാക്കിയതിന്റെ കൃത്യമായ കാരണം പാർട്ടി പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നില്ലെങ്കിലും, വൻ സാമ്പത്തിക ക്രമക്കേടാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
12 കോടിയുടെ തട്ടിപ്പ്; അഞ്ജന മാത്രം മുക്കിയത് ഒന്നരക്കോടി
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ഓഡിറ്റിംഗ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് അതിഗുരുതരമായ സാമ്പത്തിക തിരിമറി വെളിച്ചത്തായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 12 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഓഡിറ്റിംഗ് സംഘത്തിന്റെ കണ്ടെത്തൽ.
തിരഞ്ഞെടുപ്പ് ഫണ്ട് പ്രധാനമായും കൈകാര്യം ചെയ്തിരുന്ന സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത് മാത്രം വ്യക്തിപരമായി 1.5 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
ഫണ്ട് പെട്ടികളും കാണാതായി
പാർട്ടി ഓഫീസുകളിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഫണ്ട് പെട്ടികൾ വരെ ഓഫീസിൽ നിന്ന് കാണാതായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും കേന്ദ്ര സംഘത്തിന്റെ പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.






























