മണ്ട്‌ല: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ പ്രസവിച്ചയുടൻ തന്നെ നാല് കുഞ്ഞുങ്ങൾക്കും ജീവൻ നഷ്ടമായി. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലുള്ള നൈഗാവിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ ദാരുണ സംഭവം അരങ്ങേറിയത്. മൂന്ന് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമാണ് മരണപ്പെട്ടത്.
യഥാസമയത്ത് ആംബുലൻസ് ലഭ്യമാകാത്തതാണ് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, മാസം തികയാതെയുള്ള പ്രസവവും കുഞ്ഞുങ്ങളുടെ അപൂർണ്ണ വളർച്ചയുമാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത്:
ഏഴുമാസം ഗർഭിണിയായ രജനി സിംഗാരത്തിന് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. എന്നാൽ, യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബിച്ഛിയ ടൗണിലെ സാമൂഹാികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ അവിടുത്തെ അധികൃതർ നിർദ്ദേശിച്ചു.
തുടർന്ന് ആശുപത്രിയിലേക്ക് പോകാനായി ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വാഹനം ലഭ്യമായില്ല. ഒടുവിൽ മറ്റ് വഴികളില്ലാതെ യുവതിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രാമധ്യേ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് യുവതി പ്രസവിക്കുകയായിരുന്നു.
“പ്രസവവേദന ആരംഭിച്ചയുടൻ തന്നെ ഞങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഓട്ടോയെ ആശ്രയിക്കേണ്ടി വന്നത്. യഥാസമയം ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നു…”
– ഗണേഷ് സിംഗാരം (യുവതിയുടെ ഭർത്താവ്)
ഉടൻ തന്നെ കുഞ്ഞുങ്ങളെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാല് കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ യുവതി അപകടനില തരണം ചെയ്തതായും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.






























