ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത വിളിച്ചോതിക്കൊണ്ട് രാജ്യത്തിന് മറ്റൊരു ചരിത്രനേട്ടം കൂടി. സ്വന്തം രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ആധുനികരിക്കുന്നതിനും ഇന്ത്യയിൽ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) ഇറക്കുമതി ചെയ്യുന്നതിനുമായി ഇന്തോനേഷ്യ ഇന്ത്യയുമായി നിർണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യൻ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇവിഎം കൈമാറ്റത്തിനുള്ള കരാർ ഔദ്യോഗികമായി യാഥാർത്ഥ്യമാക്കിയത്.
തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യയുടെ കൈമാറ്റം, മാനവ വിഭവശേഷി വികസനം, ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ശേഷി വർദ്ധിപ്പിക്കൽ പരിശീലനങ്ങൾ എന്നിവയെല്ലാം ഈ വലിയ കരാറിന്റെ ഭാഗമാണ്. ഇന്തോനേഷ്യയുടെ പ്രാദേശിക ആവശ്യങ്ങൾക്കും തെരഞ്ഞെടുപ്പ് നിയമങ്ങൾക്കും അനുസൃതമായി പ്രത്യേക മാറ്റങ്ങൾ വരുത്തിയ (Customized) ഇന്ത്യൻ ഇവിഎമ്മുകളായിരിക്കും അങ്ങോട്ട് കയറ്റുമതി ചെയ്യുക.
ഏകദേശം 288 ദശലക്ഷം ജനസംഖ്യയുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യ തങ്ങളുടെ പരമ്പരാഗത ബാലറ്റ് തെരഞ്ഞെടുപ്പ് രീതികളിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്ക് മാറാനാണ് ഇപ്പോൾ ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റിൽ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പതിറ്റാണ്ടുകളുടെ സ്ഥാപനപരമായ പരിചയസമ്പത്തും പങ്കുവെക്കുന്നതിൽ ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായി മാറിയിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾ വിശ്വസനീയവും സുതാര്യവുമായ തെരഞ്ഞെടുപ്പ് വൈദഗ്ധ്യം തേടുമ്പോൾ ഇന്ത്യയാണ് അവരുടെ ആദ്യ ചോയ്സ് എന്ന് അടിവരയിടുന്നതാണ് ഈ പുതിയ രാജ്യാന്തര കരാർ.






























