ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുമായി മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. എം.വി ഗോവിന്ദൻ രാഷ്ട്രീയമായ വകതിരിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, അദ്ദേഹത്തിന്റെ വ്യക്തിപരമായ യോഗ്യതകളെപ്പോലും പരസ്യമായി ചോദ്യം ചെയ്തു.
പാർട്ടി വിട്ടവരെക്കുറിച്ച് എം.വി ജയരാജൻ നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരുകളാണ് പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. തെറ്റുകൾ സംഭവിക്കുമ്പോൾ പാർട്ടിയായാലും വ്യക്തികളായാലും അത് തിരുത്താൻ തയ്യാറാകണം. അതിന് തയാറാകാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും അദ്ദേഹം എം.വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു.
“ഞാൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുക? യഥാർത്ഥത്തിൽ എം.വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകൻ.” – ജി. സുധാകരൻ
നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെയാണ് ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്നും, പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളതെന്നും സുധാകരൻ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ ഗോവിന്ദന് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു. സി.പി.എമ്മിനകത്തെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതാണ് സുധാകരന്റെ പുതിയ പ്രസ്താവനകൾ.






























