കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുത്ത യുവാവിനെ പ്രകോപിതരായ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് തല്ലിക്കൊന്നു. നിലവിൽ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷവും പ്രതിഷേധവും തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ബിജെപി പ്രവർത്തകനാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തെ (SIT) രൂപീകരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ജന്മദിന സമ്മാനം നൽകാൻ പോയതായിരുന്നു 12 കാരിയായ പെൺകുട്ടി. എന്നാൽ ഏറെ വൈകിയിട്ടും കുട്ടി തിരികെ എത്തിയില്ല. ഇതോടെ രാത്രി മുഴുവൻ നാട്ടുകാരും വീട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് ഞായറാഴ്ച രാവിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കിയത്. സൂര്യപുർ ഹട്ട് മേഖലയിലെ ഒരു കുളക്കരയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
നാലു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി അപായപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
പൊലീസിനെതിരെ ജനരോഷം
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാരും വീട്ടുകാരും ചേർന്ന് മൃതദേഹം കാണിച്ചുതന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
മൃതദേഹം കണ്ടെടുത്തതോടെ ബാരയിപുർ ജോയ്നഗർ റോഡിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ജനക്കൂട്ടം പോലീസ് വാഹനം തകർക്കുകയും ചെയ്തു. നിലവിൽ ക്രമസമാധാന നില ഉറപ്പാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.






























