ചണ്ഡീഗഡ്: ഹരിയാനയിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസം തന്നെ അറസ്റ്റിൽ. സി.ബി.ഐ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിവിൽ നടക്കുകയായിരുന്ന പർദീപ് കുമാറാണ് കഴിഞ്ഞ മുപ്പതാം തീയതി പിടിയിലായത്. ഈ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇയാൾ.
ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (HSPCB) ഫണ്ടിൽ നിന്ന് 169 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് സി.ബി.ഐയുടെ ഈ നിർണായക നടപടി. സംഭവത്തിൽ അന്വേഷണം തനിക്കുനേരെ തിരിഞ്ഞതോടെ പർദീപ് കുമാർ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ ഇയാളെ കണ്ടെത്താൻ സി.ബി.ഐ സംഘം വീട്ടിലടക്കം തിരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന്, പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെയാണ് അന്വേഷണസംഘം നാടകീയമായി ഇയാളെ പിടികൂടിയത്.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
2022-2025 കാലയളവിൽ എച്ച്.എസ്.പി.സി.ബി മെമ്പർ സെക്രട്ടറിയായി പർദീപ് കുമാർ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ബോർഡിന്റെ നിക്ഷേപ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. സ്ഥിരനിക്ഷേപത്തിന് എന്ന വ്യാജേന ബോർഡിന്റെ ഫണ്ട് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് മാറ്റാൻ കുമാർ അനുമതി നൽകി. യാതൊരുവിധ ഔദ്യോഗിക അനുമതിയോ രേഖകളോ ഇല്ലാതെയാണ് എച്ച്.എസ്.പി.സി.ബിയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്. എന്നാൽ ഈ തുക ഉപയോഗിച്ച് സ്ഥിരനിക്ഷേപങ്ങൾ ഒന്നും തന്നെ നടത്തിയില്ല. പകരം വ്യാജ ഇടപാടുകൾ നടത്തി ബോർഡിന് 169 കോടി രൂപയുടെ ഭീമമായ നഷ്ടം വരുത്തിവെക്കുകയാണ് ഇയാൾ ചെയ്തതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.






























