തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന കൊള്ളയെക്കുറിച്ച് അന്വേഷിക്കുമെന്നും നിയമവിരുദ്ധമായി പണം സമ്പാദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ജി. സുധാകരൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മണലുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് കൃത്യമായ ഓഡിറ്റിങ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എവിടെനിന്നെല്ലാം മണൽ ശേഖരിക്കാമെന്നും, ഇത് മൂലം കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിലും മറ്റ് പ്രദേശങ്ങളിലും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമോ എന്നും സമിതി വിശദമായി പഠിക്കും.
‘സ്വർണത്തേക്കാൾ മൂല്യം, പക്ഷേ നാടിന് പണമില്ല’
തോട്ടപ്പള്ളിയിൽ ടൺകണക്കിന് കരിമണലാണ് അടിഞ്ഞുകൂടുന്നതെന്നും ഇതിന് പിന്നിൽ പതിറ്റാണ്ടുകളായി കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജി. സുധാകരൻ എം.എൽ.എ സഭയിൽ ചൂണ്ടിക്കാട്ടി.
“ചില ആളുകൾ കരിമണൽ ചാക്കിൽ വാരി തമിഴ്‌നാട്ടിൽ കൊണ്ടുപോയി വിൽക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആർ.ഇ.എൽ മണൽ ഖനനം നടത്തി കെ.എം.എം.എൽ-ന് നൽകുന്നുണ്ടെങ്കിലും ഇതിന് ശരിയായ കണക്കോ മൂല്യനിർണയമോ ഇല്ല. സ്വർണത്തേക്കാൾ മൂല്യമുള്ള കരിമണൽ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പോലും ഇത് നിലനിൽക്കുന്ന പുറക്കാട്, വീയപുരം, ചെറുതന, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾക്കോ കുട്ടനാടിനോ ലഭിക്കുന്നില്ല,” – ജി. സുധാകരൻ പറഞ്ഞു.
സുഗമമായ ഒഴുക്കിന് നടപടി; മണൽ ചെല്ലാനത്തേക്ക്
മഴക്കാലത്തിന് മുന്നോടിയായി തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തുനിന്നും മണൽ നീക്കം ചെയ്യുന്നതിനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കി ജലം സുഗമമായി ഒഴുകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊഴിമുഖത്തുനിന്നും നീക്കം ചെയ്യുന്ന മണലിൽ നിന്നും ധാതുമണൽ വേർതിരിച്ച ശേഷം ശേഷിക്കുന്ന മണൽ ചെല്ലാനത്തെ കടൽത്തീരത്തെ ജിയോ ട്യൂബിൽ നിറച്ച് കടൽഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.






























