ലോക്സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രമേയം പിന്താങ്ങും. 1976 ന് ശേഷം ആദ്യമായിട്ടാണ് ഒരു ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർത്ഥിയായി രണ്ടാം തവണയും ഓം ബിർളയാണ് സ്പീക്കർ സ്ഥാനാർത്ഥി. പ്രതിപക്ഷ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിക്ക് വേണ്ടി മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും.
കോൺഗ്രസ് എംപിയും ദളിത് മുഖവുമായ കൊടിക്കുന്നിൽ സുരേഷ് എട്ട് തവണ എംപിയായിട്ടുണ്ട്. എൻഡിഎയുമായുള്ള സമവായം പൊളിഞ്ഞതിനെ തുടർന്നാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ ഇന്ത്യാ മുന്നണി തീരുമാനിച്ചത് .
ഓം ബിർളയെ പിന്തുണയ്ക്കാനും സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനും പ്രതിപക്ഷം ആദ്യം സമ്മതിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ചില നാടകീയ നീക്കങ്ങൾ നടന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ മുൻവ്യവസ്ഥ ബിജെപിയുടെ മുതിർന്ന നേതാക്കൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിലേക്ക് പോയത്.































