കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ശനിയാഴ്ച പമ്പയാറ്റിൽ നടക്കും. സീസണിൽ വള്ളംകളിയാരവം ഉയർത്തുന്ന ആദ്യജലമേളക്ക് വീറും വാശിയും കൂടും. ആഗസ്റ്റ് 10ന് പുന്നമടയിലെ നെഹ്റുട്രോഫിക്ക് മുമ്പുള്ള സെമിഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകൾ പോരിനിറങ്ങുന്നത്. അതിനാൽ ചമ്പക്കുളത്തെ പമ്പയാറ്റിൽ മത്സരത്തിന് തീപാറുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ. ക്ലബുകൾ ടീം തെരഞ്ഞെടുപ്പും പരിശീലനവും അതിവേഗം പൂർത്തിയാക്കിയാണ് എത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ കുടങ്ങി ഏറെ വൈകിയാണ് മൂലംവള്ളംകളിയുടെ ഒരുക്കങ്ങൾ തുടങ്ങിയത്.രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തുന്ന ആചാരനുഷ്ഠാനത്തോടെയാണ് ജലോത്സവം തുടങ്ങുക.

ഉച്ചക്ക് 1.30ന് ജില്ലകലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. 2.10ന് മന്ത്രി പി. പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്യും. നാലിന് വെപ്പ് വള്ളങ്ങളുടെ ഫൈനൽ. 4.10ന് ചുണ്ടൻ ലൂസേഴ്സ് ഫൈനലും 4.30ന് രാജൻപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചുണ്ടൻ വള്ളങ്ങളുടെ ഫൈനലും നടക്കും. അഞ്ചിന് സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. ആറ് ചുണ്ടൻ വള്ളങ്ങൾ, രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെ എട്ട് വള്ളങ്ങളാണ് ഇക്കുറി മാറ്റുരക്കുക. ചെറുതന ചുണ്ടൻ (കൊല്ലം ജീസസ് ബോട്ട് ക്ലബ്), ആയാംപറമ്പ് വലിയദിവാൻജി (ആലപ്പുഴ ടൗൺബോട്ട് ക്ലബ്), ആയാംപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ (യു.ബി.സി കൈനകരി), സെൻറ് ജോർജ് ചുണ്ടൻ (സെന്റ് ജോർജ് ചുണ്ടൻവള്ളസമിതി), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), നടുഭാഗം (നടുഭാഗം ബോട്ട് ക്ലബ്) എന്നിവരാണ് മത്സരിക്കുന്നത്.അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചാണ് മിഥുന മാസത്തിലെ മൂലം നാളിൽ വള്ളംകളി നടക്കുന്നത്.































