തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തൻ്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. കേരളത്തിൽ മുഖ്യമന്ത്രി വി. ഡി സതീശന്റെ വൺ മാൻ ഷോ പ്രകടനമാണ് നടക്കുന്നതെന്ന് താൻ പറഞ്ഞതായുള്ള വ്യാജ പ്രചാരണത്തിനെതിരെയാണ് സുധീരൻ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി വിദ്വേഷത്തിന്റെയും പ്രകോപനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഹീനമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം, കൂടുതൽ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി. എം സുധീരൻ” എന്ന വാചകങ്ങളോടെ, അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘മുഹമ്മദ് ഖലീൽ’ എന്ന പ്രൊഫൈലിൽ നിന്ന് പങ്കുവെച്ച ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് സുധീരൻ പരാതി നൽകിയത്. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശനാണ് ഈ വ്യാജ പ്രചാരണം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് സുധീരൻ വ്യക്തമാക്കി.
“സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും, വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനശ്രമമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിൽ പ്രകടമാകുന്നത്. അതീവ ഗൗരവത്തോടെ ഈ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി, കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.”
— വി. എം സുധീരൻ (ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ നിന്ന്)
സംഭവത്തിൽ കർശനമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് സുധീരൻ്റെ ആവശ്യം. ആഭ്യന്തര വകുപ്പ് പരാതിയിൽ ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






























