തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്നും അതിനാൽ ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിവരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ദേവസ്വം ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളാരും കട്ടിട്ടില്ല. ബോർഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സങ്കടമുണ്ടാക്കുന്നതാണ്. ഇതൊന്നും ശബരിമലയിൽ ഇനി ആവർത്തിക്കരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ബോർഡിന്റെ ഓഡിറ്റ്, വിജിലൻസ് വിഭാഗങ്ങളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎൽസിസി വിവാദം: പണം നേരിട്ട് നൽകാനാവില്ല
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസി) 6 കോടി രൂപ നൽകാനുണ്ടെന്ന അവരുടെ വാദത്തോടും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു. ദേവസ്വം ബോർഡ് ഓഡിറ്റർ ഈ തുക സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോർഡ് പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും, അത് ബോർഡിന്റെ ഫണ്ടിൽ നിന്ന് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തിൽ വിശദമായി ആലോചിച്ച ശേഷമേ ബാക്കി തീരുമാനമെടുക്കൂ എന്നും അദ്ദേഹം അറിയിച്ചു.
മറ്റ് വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം.






























