ഇടുക്കി: ജില്ലയിൽ കോരിച്ചൊരിയുന്ന മഴക്കാലത്തും മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ജലാശയങ്ങളിലെ ഇറക്കം വൻ ദുരന്തങ്ങളിലേക്ക് വഴിമാറുന്നു. ആശങ്കയുണർത്തി ഇടുക്കിയിൽ മുങ്ങിമരണങ്ങൾ പെരുകുകയാണ്. ശനിയാഴ്ച ചെക്ക് ഡാമിൽ വീണ് നഴ്സിങ് വിദ്യാർഥി മരിച്ചതാണ് ജില്ലയിലെ ഒടുവിലത്തെ സംഭവം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മണക്കാട് കുന്നത്തുപാറയിൽ വിദ്യാർഥി കുളത്തിൽ വീണു മരിച്ചത്.
അഗ്നിരക്ഷാസേനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂലൈ 4 വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം 15 പേർക്കാണ് ജില്ലയിൽ ജീവൻ നഷ്ടമായത്. ഇതിൽ ഉൾപ്പെടാത്ത അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇരയാകുന്നവരിൽ ഭൂരിഭാഗവും യുവാക്കൾ
മരണപ്പെട്ട 15 പേരിൽ പത്തുപേരും പുരുഷന്മാരാണ്. ഇതിനു പുറമെ രണ്ട് സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും ജീവനും ജലാശയങ്ങൾ കവർന്നു. അടുത്തിടെ തൊടുപുഴ സ്റ്റേഷൻ പരിധിയിൽ മാത്രം നാല് മുങ്ങിമരണങ്ങളാണ് ഉണ്ടായത്. തൊടുപുഴയാറിന്റെ മണക്കാട്, വെങ്ങല്ലൂർ ഭാഗങ്ങളിൽ മൂന്ന് മരണങ്ങളും, മണക്കാട്ടെ ഒരു കുളത്തിൽ ഒരാളുമാണ് അപകടത്തിൽപ്പെട്ടത്.
മൂലമറ്റം ത്രിവേണി സംഗമം, ആനവിലാസം കല്ലേപ്പുരമേട് പാറമടക്കുളം, അടിമാലി എല്ലയ്ക്കൽ പുഴ, പനങ്കുട്ടി പവർഹൗസ്, മറയൂർ കോവിൽക്കടവ്, മൂന്നാർ സൗത്ത് ചൊക്കനാട് പുഴ എന്നിവിടങ്ങളിലായിരുന്നു മറ്റ് അപകടങ്ങൾ. ജില്ലയിൽ ഒരു വർഷം ശരാശരി 40-ഓളം പേർ വെള്ളത്തിൽ മുങ്ങിമരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മുൻവർഷങ്ങളിൽ അപകടങ്ങൾ നടന്ന പ്രധാന സ്ഥലങ്ങൾ:
മലങ്കര, ആനയിറങ്ങൽ, ചെങ്കുളം, പാംബ്ല ഡാമുകൾ, കാളിയാർ, കാഞ്ഞിരമറ്റം, മാങ്കടവ്, കുഞ്ചിത്തണ്ണി, പഴയ മൂന്നാർ പുഴകൾ, അരുവിക്കുത്ത്, പെരുമ്പൻകുത്ത്, അഞ്ചുരുളി, തൂവൽ, തൂവാനം വെള്ളച്ചാട്ടങ്ങൾ, ഇരട്ടയാർ ടണൽ, തേക്കടി കനാൽ.
വില്ലനാകുന്നത് അശ്രദ്ധയും അടിയൊഴുക്കുകളും
ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അശ്രദ്ധ മാത്രമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. കുളിക്കാനും മീൻ പിടിക്കാനുമായി പുഴകളിലും തോടുകളിലും ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നതിന് പ്രധാന കാരണങ്ങൾ ഇവയാണ്:
- അടിയൊഴുക്കുള്ള കയങ്ങളും ചുഴികളും
- പാറക്കെട്ടുകളിലെ വഴുക്കൽ
- ഡാമുകളിലെയും ജലാശയങ്ങളിലെയും കടുത്ത തണുപ്പ് (ഇത് പേശികൾ പെട്ടെന്ന് കുഴയാൻ കാരണമാകും)
- പാറമടക്കുളങ്ങളിലെ പായലും ചെളിയും
- ലഹരി ഉപയോഗിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്നത്
നന്നായി നീന്തൽ അറിയാവുന്നവർ പോലും ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ പെട്ട് അപകടത്തിൽപ്പെടുന്നുണ്ട്. തോട്ടങ്ങളിലും മറ്റുമുള്ള പടുതാക്കുളങ്ങളിൽ സുരക്ഷാ കൈവരികൾ ഇല്ലാത്തതും അപകടസാധ്യത കൂട്ടുന്നു.
സുരക്ഷാ മുൻകരുതലുകൾ നിർബന്ധം: ജില്ലാ ഫയർ ഓഫീസർ
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയ് പറഞ്ഞു.
- പരിചിതമല്ലാത്ത ഇടങ്ങൾ ഒഴിവാക്കുക: ആഴമറിയാതെ അപരിചിതമായ വെള്ളക്കെട്ടുകളിൽ ഇറങ്ങരുത്.
- ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്: ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്നവർ അപകട സൂചന ബോർഡുകൾ ശ്രദ്ധിക്കാതെ അലക്ഷ്യമായി വെള്ളത്തിൽ ഇറങ്ങുന്നത് വൻ വിപത്താണ് വരുത്തിവെക്കുക.
- നീന്തൽ പഠിക്കുക: കുട്ടികളെയും യുവാക്കളെയും നീന്തൽ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.
നിലവിൽ ജില്ലയിൽ അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സർവസജ്ജമായ സ്കൂബാ (Scuba) സംഘമുള്ളത് തൊടുപുഴയിൽ മാത്രമാണ് എന്നതും അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നു. വിനോദയാത്രകൾ മരണയാത്രകളാകാതിരിക്കാൻ പൊതുജനങ്ങൾ സ്വയം മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.






























