കൊച്ചി: കടുത്ത വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ വേഷത്തിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ചെയർമാന് അഭിഭാഷകന്‍റെ കത്ത്. കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകർ കോടതിയിൽ ഹാജരാകാനെന്നാണ് ചട്ടം. എന്നാൽ, നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഇവ ഒഴിവാക്കി കോടതിയിൽ ഹാജരാകാൻ അനുമതി ആവശ്യപ്പെട്ടാണ് ഹൈകോടതി അഭിഭാഷകനായ അഡ്വ. ലിലിൻ ലാൽ കത്ത് നൽകിയത്.
പല ഹൈകോടതികളും ചൂടുകാലത്ത് ഔദ്യോഗിക വസ്ത്രത്തിന്‍റെ കാര്യത്തിൽ അഭിഭാഷകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ചൂടുകാലത്ത് കറുത്ത കോട്ട് ധരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.































