കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ മസ്തിഷ്കാഘാതം (Brain Stroke) സംഭവിച്ച ഒന്നര വയസുകാരൻ മരിച്ചു. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് ദാരുണമായി മരണപ്പെട്ടത്.
കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ ചുണ്ടിന് പരിക്കേറ്റിരുന്നു. ഈ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് കഴിഞ്ഞ ജൂലൈ 5-ന് കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.






























