അബുദാബി: ട്രാഫിക് നിയമ ലംഘകർക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവൺമെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിർണയിച്ചതല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിന്റെ ഫലമായി വാഹനാപകടമുണ്ടായാൽ നിയമ ലംഘകർക്ക് 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ലഭിക്കും. നമ്പർ പ്ലേറ്റ് ദുരുപയോഗത്തിന് തടവു ശിക്ഷയും 20,000 ദിർഹമിൽ കുറയാത്ത പിഴയും മദ്യലഹരിയിൽ വാഹനമോടിക്കുന്നതിന് 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കുന്നതിന് തടവു ശിക്ഷയും 30,000 ദിർഹം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
സസ്പെന്റ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് മൂന്നു മാസത്തിൽ കവിയാത്ത തടവു ശിക്ഷയും 10,000 ദിർഹമിൽ കുറയാത്ത പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നവർക്ക് ഒരു വർഷത്തിൽ കവിയാത്ത തടവും 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. അശ്രദ്ധമായ ഡ്രൈവിംഗ് കാരണം മറ്റൊരാളുടെ മരണത്തിന് ഇടയാക്കുന്നവർക്ക് തടവും 50,000 ദിർഹമിൽ കുറയാത്ത പിഴയും ലഭിക്കും. പ്രളയത്തിനിടെ താഴ്വരയിലൂടെ വാഹമോടിക്കൽ പോലെ ഗുരുതരമായ സാഹചര്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെങ്കിൽ നിയമ ലംഘകർക്ക് മിനിമം ഒരു വർഷം തടവും ഒരു ലക്ഷം ദിർഹമിൽ കുറയാത്ത പിഴയുമാണ് ശിക്ഷ ലഭിക്കുക. ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചിട്ടുമുണ്ട്. നിലവിൽ ഇത് 18 വയസ് ആണ്.































