റിയാദ്: സൗദി അറേബ്യയിലെ ചെറിയ കുട്ടികൾക്ക് സ്കൂൾ കാൻ്റീനുകളിൽ വച്ച് ചായയോ കാപ്പിയോ വിൽപ്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സെക്കൻഡറി സ്കൂളുകളിലെ കാൻ്റിനുകളിൽ മാത്രം കാപ്പിയും ചായയും വിൽക്കാമെന്നും അധികൃതർ അറിയിച്ചു. കിൻ്റർഗാർട്ടൻ, പ്രൈമറി, മിഡിൽ സ്കൂളുകളിൽ ഈ ജനപ്രിയ പാനീയങ്ങൾ നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം രാജ്യത്ത് ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ സ്കൂൾ കാന്റ്റിനുകൾക്കായുള്ള ആരോഗ്യ ആവശ്യകതകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ പുതുക്കിയ പതിപ്പിലാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നത്
പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം, ചായയോ കാപ്പിയോ നൽകുന്ന കപ്പിന്റെ വലുപ്പം 240 മില്ലിമീറ്ററിൽ കൂടരുത്. വിദ്യാർഥികൾ ആവശ്യപ്പെട്ടാലും ചൂടുള്ള പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് രണ്ട് ടീസ്പൂണിൽ കൂടുതൽ നൽകാൻ പാടില്ലെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സ്കൂൾ കാൻ്റീനുകളിലെ നിരോധിത ഉൽപ്പന്നങ്ങളുടെ പട്ടികയിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ്, ഫിസി ഡ്രിങ്കുകൾ, ഫ്ളേവറുള്ള വിറ്റാമിനുകൾ, സ്പോർട്ട് ഡ്രിങ്ക്സ്, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങൾ, തണുത്ത ചായ, പഴച്ചാറിൻ്റെ അളവ് 30 ശതമാനത്തേക്കാൾ കുറവുള്ള ജ്യൂസുകൾ എന്നിവ ഉൾപ്പെടുന്നു. അതേപോലെ കളറിങ് മെറ്റീരിയലുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ മധുരം എന്നിവ അടങ്ങിയ ജ്യൂസുകളും നിരോധിത സാധനങ്ങളിൽ ഉൾപ്പെടും.
ഐസ്ക്രീം, ചോക്ലേറ്റ് പൊതിഞ്ഞ ബിസ്ക്കറ്റ്, നിലക്കടല, ഫ്ളേവറുകളോ ചോക്ലേറ്റോ ചേർത്ത പാൽ, ക്രോസന്റ്സ്, ചിപ്സ് എന്നിവയ്ക്കും സ്ക്കൂൾ കാൻ്റീനുകളിൽ പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാഷ്പീകരിച്ച പാൽ, കൃത്രിമ സുഗന്ധങ്ങളോ നിറങ്ങളോ ഉള്ള പാൽ, കൃത്രിമ രുചികളോ നിറങ്ങളോ ഉള്ള തൈര് എന്നിവയുടെ വിൽപ്പനയും സ്കൂൾ കാൻ്റീനുകളിൽ നിരോധിച്ചിട്ടുണ്ട്.































